കേരളം
ഒരു കോടിയുടെ കള്ളപ്പണവുമായി ഇതരസംസ്ഥാനക്കാർ കൊല്ലത്ത് അറസ്റ്റിൽ
കൊല്ലത്ത് കണക്കില്‍പ്പെടാത്ത ഒരു കോടിയോളം രൂപയുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികളാണ് അറസ്റ്റിൽ.മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് കമ്പാര്‍, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ് അറസ്റ്റിലായത്.
മൂവരും ബന്ധുക്കളാണ്. ട്രെയിനിൽ നിന്നാണ് ഇവരെ പിടികൂടിയത്. കയ്യിലുണ്ടായിരുന്ന പണത്തിന്റെ ഉറവിടമോ മറ്റ് രേഖകളോ റെയില്‍വെ പൊലീസിനു മുന്നില്‍ ഹാജരാക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല.
തിരുനെല്‍വേലിയില്‍ നിന്ന് കരുനാഗപ്പളളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണമെന്ന് മാത്രമാണ് മൂവരും പൊലീസിന് മുന്നില്‍ വെളിപ്പെടുത്തിയത്. ആരാണ് പണം നല്‍കിയതെന്നോ ആരാണ് പണം സ്വീകരിക്കുകയെന്നോ ഉളള വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടില്ല.
പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന സംഘത്തെ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുനലൂര്‍ റെയില്‍വെ സ്റ്റേഷനിലും ട്രയിനില്‍ കടത്താന്‍ ശ്രമിച്ച കളളപ്പണം പിടികൂടിയിരുന്നു.