കേരളം
ജനുവരി അവസാനം മുതൽ പുതിയ ഫാസ്റ്റ്ടാഗിന് കെ വൈസി നിര്‍ബന്ധമാക്കുന്നു
നിങ്ങളുടെ വാഹനത്തിൻറെ ഫാസ്റ്റ് ടാഗ് ചിലപ്പോൾ ജനുവരി അവസാനം മുതൽ പ്രവർത്തിക്കതിരിക്കാൻ സാധ്യതയുണ്ട്. 2024 ജനുവരി 31 ന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഏറ്റവും പുതിയ ഫാസ്റ്റ് ടാഗ് അക്കൗണ്ട് മാത്രമേ ആക്ടീവായി ഇരിക്കു. ഇനി മുതൽ പുതിയ ഫാസ്റ്റ്ടാഗിന് കെ വൈസി (‘നോ യുവർ കസ്റ്റമർ’) നിർബന്ധമാക്കുകയാണ്.
കെവൈസി ഇല്ലാത്ത ഫാസ്റ്റ് ടാഗുകൾ നിർജ്ജീവമാക്കുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്യും. അസൗകര്യങ്ങൾ ഒഴിവാക്കാൻ, ഉപയോക്താക്കൾ അവരുടെ ഏറ്റവും പുതിയ ഫാസ്ടാഗിനായി കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകൾ നൽകുന്നതായും ശരിയായ കെവൈസി ഇല്ലാതെ ഫാസ്ടാഗുകൾ വിതരണം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.
എട്ട് കോടിയിലധികം ഉപയോക്താക്കളാണ് നിലവൽ ഫാസ്റ്റ് ടാഗിനുള്ളത്. അതേസമയം രാജ്യത്ത് ഫാസ്ടാഗ് അവതരിപ്പിച്ചതോടെ ടോൾ പ്ലാസകളിലെ ശരാശരി സമയം 47 സെക്കൻഡായി കുറച്ചതായി ഇന്ത്യ ലോകബാങ്കിനെ അറിയിച്ചു.ഉപഭോക്താക്കൾ ‘ഒരു വാഹനം, ഒരു ഫാസ്ടാഗ്’ എന്ന നയം പിന്തുടരുകയും അതാത് ബാങ്കുകൾ വഴി മുമ്പ് നൽകിയ ഫാസ്ടാഗുകൾ ഉപേക്ഷിക്കുകയും വേണമെന്ന് ദേശീയപാത മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. സഹായത്തിനോ അന്വേഷണത്തിനോ ഫാസ്ടാഗ് ഉപയോക്താക്കൾക്ക് ടോൾ പ്ലാസകളുമായോ അതത് ബാങ്കുകൾ നൽകുന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറുമായോ ബന്ധപ്പെടാം.