ദേശീയം
ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്
ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. ഫാമിലെ പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാനും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍ രംഗത്തെത്തി. സ്വകാര്യ പാല്‍ കമ്പനികളെ സഹായിക്കാനാണ് നടപടിയെന്നാണ് ആരോപണം.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ബീഫ് നിരോധനമടക്കമുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നതും.
പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ നടപടി. ഫാമുകള്‍ അടച്ചുപൂട്ടുന്നത് വഴി നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ നിര്‍മാണം ഇല്ലാതാക്കി സ്വകാര്യ കമ്പനിയുടെ പാല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ശ്രമമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് പ്രമുഖ പാല്‍ ഉല്പന്ന നിര്‍മാതാക്കളായ ‘അമൂലി’നെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ജനങ്ങള്‍ രംഗത്തെത്തി.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പൃഥ്വിരാജ് ചോദിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപില്‍ നിന്ന് തനിക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്തികള്‍ വിളിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ്.