കേരളം
കോര്‍പ്പറേഷനിലെ ലോറികളിലെ കുടിവെള്ള വിതരണത്തില്‍ ഒരു കോടിയുടെ അഴിമതി ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം
കോര്‍പ്പറേഷനിലെ ലോറികളിലെ കുടിവെള്ള വിതരണത്തില്‍ ഒരു കോടിയുടെ അഴിമതി ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. രാജി ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയര്‍ എം.എല്‍ റോസിയെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞുവെച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ ഡപ്യൂട്ടി മേയര്‍ യോഗത്തില്‍ നിന്ന് എഴുന്നേറ്റ് പോയി.
കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കരാറുകാരന് കരാര്‍ നല്‍കാതെ കൂടിയ തുകയ്ക്ക് കുടിവെള്ള വിതരണത്തിന് അനുമതി നല്‍കിയ മുന്‍ മേയര്‍ അജിതാ ജയരാജന്‍, ഇപ്പോഴത്തെ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി എന്നിവര്‍ക്കെതിരെയുള്ള ഓംബുഡ്‌സ്മാന്‍ ശുപാര്‍ശ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഓംബുഡ്‌സ്മാന്‍ നടപടി നേരിട്ട ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി രാജി വച്ച് കൗണ്‍സില്‍ ഹാളില്‍ നിന്ന് പുറത്തു പോകണം എന്ന് നഗരാസൂത്രണ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയല്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അഴിമതി നടത്തിയെന്ന് ബോധ്യമായിട്ടും ഭരണം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് കൗണ്‍സിലര്‍ എം എല്‍ റോസിയെ എല്‍ഡിഎഫ് നേതൃത്വം സംരക്ഷിക്കുന്നതെന്ന് ജോണ്‍ ഡാനിയല്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം മേയര്‍ പിരിച്ചുവിട്ടു.