കേരളം
നിയമസഭാ കയ്യാങ്കളി കേസ്: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രിംകോടതി വിധിക്ക് എതിരെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മന്ത്രി രാജി വച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും നീതിബോധത്തിനും എതിരെന്നും പ്രതിപക്ഷം പറഞ്ഞു. നേരത്തെ പ്രതിപക്ഷം സീറ്റില്‍ എണീറ്റ് നിന്ന് പ്രതിഷേധിച്ചിരുന്നു.
കയ്യാങ്കളി കേസില്‍ ഉണ്ടായത് നിയമസഭയിലെ എക്കാലത്തെയും ദുഃഖവെള്ളിയെന്നും പി ടി തോമസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാവുന്ന വിദ്യാഭ്യാസ മന്ത്രിയെന്നായിരുന്നു വി ശിവന്‍ കുട്ടിയെ കുറിച്ചുള്ള പരിഹാസം. മുഖ്യമന്ത്രിയുടെ മറുപടി കേട്ടാല്‍ പ്രതിപക്ഷമാണ് കുറ്റക്കാരെന്ന് തോന്നും. ആന കരിമ്ബിന്‍ കാട്ടില്‍ കയറിയതുപോലെ പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത്. വിധിയില്‍ ഏറ്റവും സന്തോഷിക്കുന്നത് കെ എം മാണിയുടെ ആത്മാവെന്നും പരാമര്‍ശമുണ്ടായി.
അതേസമയം നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നടപടി അസാധാരണവുമല്ല. പ്രക്ഷുബ്ധ സാഹചര്യത്തിലെ കേസുകള്‍ സാഹചര്യം മാറുമ്പോള്‍ പിന്‍വലിക്കാം. സഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ബാധ്യസ്ഥരെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലെ അപ്പീല്‍ ആണ് സുപ്രീംകോടതി തള്ളിയത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അവകാശം ഉണ്ടോ ഇല്ലയോ എന്നതാണ് വിഷയം. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ പ്രോസിക്യൂട്ടറുടെ നടപടിയെയും മുഖ്യമന്ത്രി ന്യായീകരിച്ചു.
പ്രോസിക്യൂട്ടറുടെ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതയില്ല. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കേസ് പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ട്. തെളിവുകളോ മറ്റു വിഷയങ്ങളോ കേസ് പിന്‍വലിക്കാന്‍ അടിസ്ഥാനമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷയില്‍ തെറ്റില്ല. കയ്യാങ്കളിക്കേസില്‍ തുടര്‍ന്നുള്ള നിയമനടപടികള്‍ കോടതി വിധി അനുസരിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. മന്ത്രി ശിവന്‍കുട്ടി രാജി വെക്കേണ്ട സാഹചര്യമില്ല. ഇത് ശിവന്‍കുട്ടിക്കെതിരായ വിഷയമല്ല, പൊതുവിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.