കേരളം
വാഗ്ദാനങ്ങൾ പാഴാകുന്നോ? നവകേരള സദസിൽ കാസർഗോഡ് പരിഹരിക്കപ്പെട്ടത് 50% താഴെ പരാതികൾ
നവകേരള സദസിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിൽ മെല്ലെപ്പോക്ക്. കാസർഗോഡ് ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച 45 ദിവസത്തെ കാലാവധി പൂർത്തിയായപ്പോൾ 50 ശതമാനത്തിൽ താഴെ പരാതികൾ മാത്രമാണ് പരിഹരിക്കപ്പെട്ടത്.
നവകേരള സദസ് തുടങ്ങിയ ഘട്ടത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനമാണിത്. പരാതി പരിഹരിക്കാൻ പരമാവധി 45 ദിവസം. മുഴുവൻ പരാതികളും തീർപ്പാക്കും. നവകേരള സദസിൻറെ പര്യടനം ആദ്യം പൂർത്തിയ കാസർഗോഡ് ജില്ലയിലെ പരാതി പരിഹാരത്തിൻറെ സ്ഥിതി പരിശോധിക്കാം. അഞ്ച് മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 14704 പരാതികൾ. 45 ദിവസം കഴിഞ്ഞപ്പോൾ പരിഹാരമായത് 5917 പരാതികളിൽ.
അതായത്, തീർപ്പാക്കിയത് 50 ശതമാനത്തിൽ താഴെ മാത്രം. 4715 പരാതികൾ അന്തിമ ഘട്ടത്തിലാണെന്നും 4072 പരാതികൾ വിവിധ വകുപ്പുകളുടെ പരിഗണനയിലാണെന്നുമാണ് ജില്ലാ ഭരണകൂടത്തിൻറെ വിശദീകരണം. എന്തായാലും പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ അതിവേഗ നടപടിയെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലായിട്ടില്ല. താരതമ്യേന കുറവ് പരാതികൾ ലഭിച്ച കാസർഗോട്ട് ഇതാണ് സ്ഥിതിയാണെങ്കിൽ മറ്റിടങ്ങളിൽ എന്ത് സംഭവിക്കുമെന്നത് കണ്ടുതന്നെ അറിയണം.