കേരളം
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴിയുള്ള മദ്യ വില്‍പ്പന നടപ്പിലാക്കാന്‍ വൈകിയേക്കും
കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടി ഓണ്‍ലൈന്‍ സംവിധാനം പ്രാബല്യത്തില്‍ വരാന്‍ ഇനിയും വൈകുമെന്ന് റിപ്പോർട്ട്. ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ പുതിയ സംവിധാനം നടപ്പാക്കുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളാണ് ഇതിന് കാരണം. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനിടെ മദ്യശാലകളില്‍ തിരക്ക് അനുഭവപ്പെടുന്നതില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാനായില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടാണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതോടെ മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള നടപടികള്‍ ബെവ്‌കോ ആരംഭിക്കുകയായിരുന്നു. ഇതിനായി പുതിയ സാങ്കേതിക സംവിധാനം വികസിപ്പിക്കുകയും ചെയ്തു. ബെവ്‌കോ സൈറ്റുവഴി ഔട്ട്‌ലെറ്റ് തെരഞ്ഞെടുത്ത് പണമടച്ചതിന് ശേഷം അതിന്റെ രസീതുമായി ഔട്ട്‌ലെറ്റിലെത്തി മദ്യം വാങ്ങുന്ന സംവിധാനമാണ് വികസിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പഴവങ്ങാടി എന്നിവിടങ്ങളിലായി 13 ഔട്ട്‌ലെറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കുകയും ഭാഗികമായി ഇത് വിജയിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനം മുഴുവന്‍ ഈ രീതി പ്രാവര്‍ത്തികമാക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ധാരാളമുണ്ടെന്ന് ബെവ്‌കോ അറിയിച്ചു.
കേരളത്തില്‍ 301 ഔട്ട്‌ലെറ്റുകളാണ് ബെവ്‌കോയ്ക്ക് ഉള്ളത്. ബാക്കി കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റുകളാണ്. ഇതില്‍ മിക്ക ഔട്‌ലെറ്റുകളിലും കമ്ബ്യൂട്ടറൈസേഷന്‍ നടക്കാത്തതിനാല്‍ ഓണ്‍ലൈന്‍ പേമെന്റും മറ്റും പരിശോധിക്കാന്‍ ഇവയ്ക്ക് ആകില്ല. കമ്ബ്യൂട്ടറൈസേഷന്‍ നടപ്പിലാക്കിയെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കാന്‍ സാധിക്കൂ. ഇത്രയും ഔട്ട്‌ലെറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. അതിനാല്‍ ഓണത്തിന് ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഇപ്പോള്‍ പ്രാവര്‍ത്തികമാകില്ലെന്നും ബെവ്കോ അറിയിച്ചു.
നിലവില്‍ കോവിഡ് നിയന്ത്രണ രീതി പ്രകാരം കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമേ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും, ബാറുകളിലും വഴി മദ്യം വാങ്ങാന്‍ സാധിക്കൂ. മുമ്ബ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ നിന്നും മദ്യ വില്‍പ്പന ശാലകളെ ഒഴിവാക്കിയിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്തിടെയാണ് മദ്യം വാങ്ങാന്‍ എത്തുന്നവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിര്‍ദ്ദേശം വന്നത്.