ദേശീയം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പഠന സമിതി റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചു
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ സമിതി അംഗങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് റിപ്പോർട്ട് കൈമാറിയത്.
സമിതി അംഗങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിങ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുബാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഏഴു മാസത്തെ പഠനത്തിനുശേഷമാണ് സമിതി 18,626 പേജുകളുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ത്യൻ ഭരണഘടനക്കും മറ്റ് നിയമപരമായ ചട്ടക്കൂടുകൾക്കും കീഴിലുള്ള നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്, ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകളാണ് സമിതി പരിശോധിച്ചത്. പ്രധാനമായും രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതിന്‍റെ സാധ്യതകളാണ് സമിതി പഠിച്ചത്.
തെരഞ്ഞെടുപ്പ് നടത്തിപ്പിനായി കേരളം ഉൾപ്പടെ ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടിച്ചുരുക്കാൻ നിർദേശിക്കും. 1951-67 കാലഘട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പ് ഇത്തരത്തിലായിരുന്നുവെന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി രാജ്യത്തിന് വലിയ മേന്മയുണ്ടാക്കുന്ന നിർദ്ദേശമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നും സമിതിയുടെ കണ്ടെത്തൽ.