ദേശീയം
തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ
തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ 66 പേരെ പരിശോധിച്ചപ്പോൾ 33 പേരിൽ ഒമിക്രോൺ ബാധ കണ്ടെത്തുകയായിരുന്നു. ഇതോടെ തമിഴ്നാട്ടിൽ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 34 ആയി. ചെന്നൈയിൽ മാത്രം 26 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സേലത്ത് ഒന്നും മധുരയിൽ നാലും കേസുകളും തിരുനെൽവേലിയിൽ 2 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് ആരോഗ്യവകുപ്പ് അടിയന്തരയോഗം വിളിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ ഡൽഹിയും മഹാരാഷ്ട്രയും കഴിഞ്ഞാൽ തമിഴ്നാടാണുള്ളത്.
അതേസമയം, രാജ്യത്ത് ഒമിക്രോൺ കേസുകൾ 200 കടന്നു. ഏറ്റവും കൂടുതൽ രോഗികൾ ഡൽഹിയിലാണ്. 57 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹരാഷ്ട്രയിൽ 54, തെലങ്കാന 24, കർണാടക 19, കേരളം 15, ഗുജറാത്ത് 14 കേസുകൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം വൈകിട്ട് ആറരയ്ക്കാണ്. ആള്‍ക്കൂട്ടം ഒഴിവാക്കാനും രാത്രികാല കര്‍ഫ്യൂവും അടക്കം നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനയാത്രയ്ക്കിടെ ഒമിക്രോണ്‍ പകരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൈസൂരില്‍ ഒമ്പതു വയസുള്ള കുട്ടിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. യാത്ര പശ്ചാത്തലം ഇല്ലാത്ത കുട്ടിയിലാണ് രോഗം കണ്ടെത്തിയത്.