കേരളം
അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ തിരുത്ത്
അണ്ടർ സെക്രട്ടറി ഒജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിക്കൊണ്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ തിരുത്തൽ. ജയാതിലക് ഐഎഎസ് ഇറക്കിയ ഉത്തരവാണ് തിരുത്തിയത്. മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം കൈമാറിയത് ഒജി ശാലിനി ആയിരുന്നു. ഗവർണറുടെ പേരിൽ ഇറക്കുന്ന ഉത്തരവിൽ ഒരു ഉദ്യോഗസ്ഥന്റെ നിർദ്ദേശത്തിൽ നടപടി എടുത്തതായി പരാമർശിക്കാനാവില്ലെന്നും ഇത് നിയമ വിരുദ്ധമാണെന്നും വിമർശനം ഉയർന്നിരുന്നു.
തുടർന്നാണ് പുതിയ ഉത്തരവ് ഇറക്കിയത്.’ഈ സാഹചര്യത്തിൽ എന്റെ കാഴ്ചപ്പാടിൽ ഉദ്യോഗസ്ഥ ഗുഡ് സർവീസ് എൻട്രിക്ക് അർഹയല്ലെന്നും അതിനാൽ ഞാൻ ഗുഡ് സർവീസ് എൻട്രി ഞാൻ റദ്ദാക്കുന്നുവെന്നു’മാണ് ഉത്തരവിൽ പറഞ്ഞത്. ഞാൻ എന്ന പരാമർശം ഒഴിവാക്കി ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കാൻ സർക്കാർ പരിശോധിച്ച് തീരുമാനിച്ചിരിക്കുന്നു എന്നാണ് പുതിയ ഉത്തരവ്.
അതോടൊപ്പം ഒജി ശാലിനി ഗുഡ് സർവീസ് എൻട്രിക്ക് യോഗ്യയല്ലെന്ന തന്റെ കാഴ്ചപ്പാടും ജയതിലക് പുതിയ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പ്രതികാര നടപടിയുടെ ഭാഗമായി ഉത്തരവിറക്കിയ ജയാതിലകിനെ സ്ഥാനത്ത് നിന്നു മാറ്റുന്നത് വരെ പ്രതിഷേധം തുടരാണ് സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ ഉദ്യോഗസ്ഥക്കെതിരേ നടപടി സ്വീകരിച്ചത് നിയമ ലംഘനം ആണെന്നും ഇതിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ പ്രാണകുമാർ വിവരാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.