ദേശീയം
ഉദ്യോഗസ്ഥർക്ക് ജീൻസും ടീഷർട്ടും വേണ്ട; ഡ്രസ് കോഡ് പുതുക്കി CBI ഡയറക്ടർ
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ കീഴിൽ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഇനി മുതൽ ഓഫീസുകളിൽ ഔപചാരികമായി വേഷം മാത്രം ധരിക്കണമെന്ന് നിർദ്ദേശം. ജീൻസ്, സ്പോർട്സ് ഷൂസ് മുതലായ സാധാരണ വസ്ത്രങ്ങൾ ഇനി അനുവദിക്കില്ലെന്ന് സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ അറിയിച്ചു.
സിബിഐ ഓഫീസുകളിലെ വസ്ത്രധാരണ ചട്ടം പുതുക്കിക്കൊണ്ടാണ് ഫോർമൽ വസ്ത്രങ്ങൾ നിർബന്ധിതമാക്കി ഉത്തരവിറക്കിയിരിക്കുന്നത്. പുരുഷന്മാർക്ക് ഷർട്ട്, ഫോർമൽ പാന്റ്, ഫോർമൽ ഷൂസ് എന്നിവ ധരിക്കാമെന്നും പൂർണമായും ക്ഷൗരം ചെയ്തിട്ട് മാത്രമേ ഓഫീസിൽ വരാൻ പാടുള്ളൂ എന്നും ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
Also read; സുബോധ് കുമാർ ജയ്‌സ്വാൾ സി ബി ഐ ഡയറക്ടർ
ജീവനക്കാരോ ഉദ്യോഗസ്ഥരോ ആയ സ്ത്രീകൾ സാരി, സ്യൂട്ട്, ഫോർമൽ ഷർട്ട്, പാന്റ് എന്നിവ മാത്രമേ ധരിക്കാവൂ എന്നും നിർദ്ദേശമുണ്ട്. ജീൻസ്, ടി ഷർട്ട്, സ്പോർട്സ് ഷൂസ്, ചെരിപ്പ്, കാഷ്വൽ ആയ മറ്റു വസ്ത്രങ്ങൾ എന്നിവ ഓഫീസിനുള്ളിൽ അനുവദനീയമായിരിക്കില്ല.
രാജ്യത്തെമ്പാടുമുള്ള സിബിഐ ഓഫിസുകളിൽ ഉത്തരവ് നടപ്പാക്കണമെന്ന് ബ്രാഞ്ച് തലവൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.