കേരളം
ഓഫ് റോഡ് റെയ്‌സ്; നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്
വാഗമണ്ണില്‍ നടത്തിയ ഓഫ് റോഡ് റെയ്‌സില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. ജോജുവിന് പുറമെ സ്ഥലത്തിന്റെ ഉടമ, റെയ്‌സ് സംഘടിപ്പിച്ച സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രഥമദൃഷ്ട്യാ നിയമ ലംഘനം ബോധ്യപ്പെട്ടതിനാല്‍ മോട്ടോര്‍ വാഹന വകുപ്പും നടപടികളുമായി മുന്നോട്ടുപോകും.
ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് റെയ്‌സിന് നിയന്ത്രണങ്ങളുണ്ട്. ഈ നിയന്ത്രണം ലംഘിച്ച് റെയ്ഡ് നടത്തിയെന്നാണ് ജോജുവിനെതിരെ കേസെടുത്തതില്‍ പൊലീസ് വിശദീകരിക്കുന്നത്. വാഗമണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തുടര്‍ച്ചയായുള്ള ഇത്തരം റെയ്ഡുകള്‍ അപകടങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിനോദ സഞ്ചാരികളായ എത്തിയ ചിലരും ഇത്തരം അപകടങ്ങളില്‍പ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ജില്ലാ കലക്ടര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രമേ ജില്ലയില്‍ ഓഫ് റോഡ് റെയ്‌സിന് അനുമതിയുള്ളു.
വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചു. പ്രഥമദൃഷ്ട്യാ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചതെന്ന് ആര്‍ടിഒ വ്യക്തമാക്കി. ഏഴ് ദിവസത്തിനകം വാഹനത്തിന്റെ രേഖകളുമായി ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ജോജുവിനോട് ആവശ്യപ്പെടും. ഇക്കാര്യം സംബന്ധിച്ച നോട്ടീസ് ഇന്നുതന്നെ നല്‍കുമെന്നും ആര്‍ടിഒ വ്യക്തമാക്കി.
നേരത്തെ സംഭവത്തില്‍ കേസെടുക്കണമെന്ന പരാതിയുമായി കെഎസ്‌യുവാണ് രംഗത്തെത്തിയത്. പരിപാടി സംഘടിപ്പിച്ചവര്‍ക്കും റൈഡില്‍ പങ്കെടുത്ത ജോജു ജോര്‍ജിനുമെതിരെ കേസെടുക്കണമെനന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഇടുക്കി ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. പിന്നാലെയാണ് കേസ്.