കേരളം
ഒഡീഷ ട്രെയിൻ അപകടം; പിതാവ് തിരഞ്ഞത് മകന്‍റെ മൃതദേഹം, കണ്ടെത്തിയത് ജീവനോടെ
സിനിമയെപോലും വെല്ലുന്ന രംഗങ്ങളാണ് ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ട മകനെ തെരഞ്ഞെത്തിയ പിതാവിനെ കാത്തിരുന്നത്. കോറമണ്ഡല്‍ ട്രെയിനിലാണ് ബിശ്വജിത്ത് മാലിക് എന്ന യുവാവ് യാത്ര ചെയ്തത്. ട്രെയിന്‍ അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞയുടന്‍ പിതാവ് ഹേലാറാം മാലിക്ക് മകനെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഒരു ആംബുലന്‍സുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു.
ബാലസോറിലെ ഒരു സ്കൂളില്‍ കൂട്ടിയിട്ട മൃതദേഹങ്ങളില്‍ നിന്നാണ് പിതാവ് മകനെ കണ്ടെത്തിയത്. മകനെ തിരിച്ചറിഞ്ഞയുടനെയാണ് മകന്‍റെ കൈ വിറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ഇരുപത്തിനാലുകാരനായ യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.കൃത്യസമയത്ത് മകനെ തേടി ആ പിതാവ് എത്തിയിരുന്നില്ലെങ്കില്‍ ആ മൃതദേഹങ്ങള്‍ക്കിടയില്‍ കിടന്ന് ബിശ്വജിത്തും മരണത്തിന് കീഴടങ്ങുമായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയപ്പോള്‍ മരിച്ചെന്ന് തെറ്റിദ്ധരിച്ചതാവാമെന്നാണ് അധികൃതരുടെ വിശദീകരണം.