കേരളം
‘വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും ശ്രമം’; ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര ആരോപണവുമായി എഫ്ഐആര്‍
മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്‍റെ പ്രസ്താവനയെന്ന് എഫ്ഐആറില്‍ പറയുന്നു.
വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്. മന്ത്രിയുടെ പേരിൽതന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം പല കോണുകളിൽ നിന്നുമുണ്ടായി. ഇതിന് പിന്നാലെ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുൾ റഹ്മാൻ പൊലീസില്‍ വൈദികനെതിരെ നൽകിയ പരാതിയിലാണ് കേസ്.
വർഗീയ സ്പർദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും, സാമുദായിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ്. പരാമർശം വിവാദമായതോടെ ലത്തീൻ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. പരാമർശം നാക്കുപിഴയെന്നായിരുന്നു വൈദികൻെറ ഖേദപ്രകടനം. ഡിഐജി നിശാന്തിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം കേസില്‍ തുടർനടപടിയെടുക്കും. അതേസമയം ഇന്നലെ വൈകിട്ട് പോലീസ് അനുമതിയില്ലാതെ വിഴിഞ്ഞത്ത് പ്രതിഷേധ പ്രകടനം നടത്തിയതിന് ഹിന്ദുഐക്യവേദി നേതാവ് ശശികലക്കെതിരെയും പൊലീസ് കേസെടുത്തു. കെ.പി. ശശികല ഒന്നാം പ്രതിയാണ്. കണ്ടാലറിയാവുന്ന 700 ഓളം പേർ ഈ കേസില്‍ പ്രതികളാണ്.