കേരളം
തൃശൂരിൽ വീണ്ടും ഭൂമിക്കടിയിൽനിന്നു മുഴക്കവും പ്രകമ്പനവും
തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വീണ്ടും ഭൂമിക്കടിയിൽനിന്നു മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. വരന്തരപ്പിള്ളി, തൃക്കൂര്‍, അളഗപ്പനഗര്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച ഉച്ചക്ക് ഏകദേശം ഒരു മണിയോടെ മുഴക്കവും പ്രകമ്പനവും ഉണ്ടായത്. എന്നാൽ ഇത് ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതിന്റെ തുടർച്ച തന്നെയാണെന്നാണ് നിഗമനം.
അഞ്ചു ദിവസത്തിനിടെ മൂന്നാം തവണയാണ് പ്രദേശങ്ങളിൽ മുഴക്കവും പ്രകമ്പനവും ഉണ്ടാവുന്നത്. വല്ലച്ചിറ പഞ്ചായത്തിലെ കടലാശേരി, ഞെരുവുശ്ശേരി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടെതായും നാട്ടുകാർ പറഞ്ഞു.തൃശൂർ ജില്ലയിലെ തൃക്കൂർ, അളഗപ്പ നഗർ പഞ്ചായത്തുകളിൽ ബുധനാഴ്ച രാവിലെ 8.16ന് ഭൂമിക്കടിയിൽനിന്നു മുഴക്കം ഉണ്ടായിരുന്നു. എന്നാൽ ഇത് തീവ്രത കുറഞ്ഞ പ്രതിഭാസം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അന്ന് കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ പറഞ്ഞത്.
റിക്ടര്‍ സ്‌കെയിലില്‍ മൂന്നോ അതില്‍ കൂടുതലോ തീവ്രതയിലുള്ള ഭൂമികുലുക്കങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തുക. ഇവിടെ അനുഭവപ്പെട്ടത് അതിന് താഴെയുള്ള ചലനം ആയതിനാല്‍ കൃത്യമായ രേഖപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. പ്രതിഭാസം സംബന്ധിച്ച് പഠനം നടത്തുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞിരുന്നു.