കേരളം
കേരളത്തിൽ കൊവിഡ് കേസുകളും മരണവും ഉയരുന്നു; വാക്സീൻ കിട്ടാനില്ല
സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുമ്പോഴും ആർക്കും വേണ്ടാതെ കോവിഡ് വാക്സിനേഷൻ. സർക്കാർ മേഖലയിൽ പോലും വാക്സിൻ കിട്ടാനില്ല. എടുക്കാനുമാളില്ല. മാർച്ച് മാസത്തോടെ സർക്കാർ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ഡോസ് വാക്സിനാണ് കാലാവധി തീർന്ന് മാറ്റേണ്ടി വന്നത്. ഇന്നലെ സംസ്ഥാനത്താകെ 14 പേർ മാത്രമാണ് വാക്സിനെടുത്തത്.
എത്ര മന്ദഗതിയിലായാലും കോവിഡ് കേസുകളുയർന്നു തുടങ്ങിയാലെങ്കിലും വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്കേറുമായിരുന്നു. സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ പോലും വാക്സീനില്ല. ഇന്നലെ ഒരു വാക്സീനേഷൻ കേന്ദ്രം മാത്രമാണ് സംസ്ഥാനത്താകെ സർക്കാർ മേഖലയിൽ തുറന്നത്. മുൻകരുതൽ ഡോസെടുക്കാനെത്തിയത് മൂന്ന് പേരാണ്. മൂന്നാം തരംഗം അവസാനിച്ചത് മുതൽ വാക്സീൻ ആർക്കും വേണ്ട. പുതിയ കോവിഡ് വകഭേദത്തിനെതിരെ വാക്സീൻ ഫലപ്രദമാണോയെന്ന സംശയം, വാക്സിനെടുത്തിട്ടും കോവിഡ് വരുന്നുവെന്ന പ്രശ്നം തുടങ്ങി വിമുഖതയ്ക്ക് കാരണം പലതാണ്.
കോഴിക്കോട് മേഖലയിൽ, മാർച്ച് മാസത്തോടെ 300 ഡോസ് വാക്സീൻ കാലാവധി തീർന്ന് പാഴായിപ്പോയി. സർക്കാർ മേഖലയിൽ പുതിയ വാക്സീൻ എത്താതായിട്ട് ഒരു മാസത്തോളമായി. ഒരാൾക്കു വേണ്ടി, പത്തു ഡോസുള്ള ഒരു വാക്സീൻ വയൽ പൊട്ടിച്ചാൽ ബാക്കിയെല്ലാം പാഴായിപ്പോകുന്ന സങ്കീർണതയാണ്. സംസ്ഥാനത്താകെ ഒരു ദിവസം വാക്സിനെടുക്കുന്നത് 100 പേർ പോലും തികയുന്നില്ല.
കേസുകൾ ഉയർന്നതോടെ പുതിയ കൊവിഡ് മരണങ്ങളിൽ 5 എണ്ണം വീട്ടിനു പുറത്തിറങ്ങുക പോലും ചെയ്യാതിരുന്ന, മറ്റു രോഗങ്ങളുള്ളവരും പ്രായമായവരുമായ ആളുകളായിരുന്നു. ഇത് കണക്കിലെടുത്ത് ഈ പ്രായ ഗ്രൂപ്പിനെ പ്രത്യേകം ശ്രദ്ധിക്കാനും മുൻകരുതൽ ഡോസ് വാക്സിനെടുക്കാനും നിർദേശമുള്ളപ്പോഴാണ് ഈ സ്ഥിതി.