കേരളം
മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങള്‍ക്ക് നികുതി ഈടാക്കില്ല: മന്ത്രി ആന്റണി രാജു
മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന 9 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാഹനീയം പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓട്ടിസം, സെറിബ്രല്‍ പാള്‍സി പോലെയുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വാഹനങ്ങള്‍ക്കാണിത്.
മുന്‍പ് ശാരീരിക വൈകല്യമുള്ളവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന 7 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്കായിരുന്നു നികുതി ഒഴിവാക്കിയത്.വകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. എണ്‍പത്തഞ്ചു ശതമാനം സേവനങ്ങളും ഓണ്‍ലൈനായിക്കഴിഞ്ഞു. സെപ്റ്റംബര്‍ മാസത്തോടെ എലഗന്റ് കാര്‍ഡുകള്‍ ലഭ്യമാക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പൂര്‍ണ്ണമായും സജ്ജീകരിക്കുന്നതോടെ സംസ്ഥാനത്ത് വിവേചനമില്ലാതെ നിയമം നടപ്പിലാക്കാന്‍ സാധിക്കും.
മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ജനങ്ങളുമായി സംവദിച്ചു തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് വാഹനീയം അദാലത്തെന്നും മന്ത്രി പറഞ്ഞു. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ ഗതാഗത വകുപ്പ് മന്ത്രി പരാതിക്കാരുമായി സംവദിച്ചു. വകുപ്പിന് ലഭിച്ച 410 പരാതികളില്‍ 378 എണ്ണം പരിഹരിച്ചു.
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ തീര്‍പ്പാകാതെ കിടന്ന അപേക്ഷകളും,പുതിയ അപേക്ഷകളും പരാതികളും അദാലത്തില്‍ പരിഹരിച്ചു.തീര്‍പ്പാക്കാന്‍ കഴിയാത്തവ കൂടുതല്‍ പരിശോധനയ്ക്കായി മാറ്റിവച്ചു.മേല്‍വിലാസത്തില്‍ അയച്ചിട്ടും വിവിധ കാരണങ്ങളാല്‍ മടങ്ങിവന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും,ലൈസന്‍സുകളും ഉടമസ്ഥര്‍ക്ക് മന്ത്രി വേദിയില്‍ വച്ച് നേരിട്ട് നല്‍കി.