കേരളം
സംസ്ഥാനത്ത് 19 വരെ ലോഡ് ഷെഡിങ്ങോ, പവർ കട്ടോ ഇല്ല; കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി
സംസ്ഥാനത്ത് ഈ മാസം 19 വരെ കൂടുതൽ വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. കൽക്കരി ക്ഷാമം കാരണം കേരളത്തിന് പുറത്തു നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ട്. ഇപ്പോൾ പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത ചില നിയന്ത്രണങ്ങളിലൂടെയാണ് വൈദ്യുതി വിതരണം തടസപ്പെടാതെ നടത്തുന്നത്
ഇതിനപ്പുറം ലോഡ് ഷെഡിങ്ങോ, പവർ കട്ടോ ഇപ്പോൾ ഏർപ്പെടുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 19ന് യോഗം ചേർന്ന് തീരുമാനമെടുക്കും. വൈദ്യതി ലഭ്യതയിലെ കുറവിനെപ്പറ്റി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം പത്രസമ്മേളനത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.ദിവസം 300 മെഗാവാട്ടിന്റെ കുറവുണ്ട്.
ദിവസവും 100 മെഗാവാട്ട് കൂടിയ വിലയ്ക്ക് വാങ്ങി തത്കാലം പ്രതിസന്ധി പരിഹരിക്കും. രണ്ട് കോടിയാണ് ഇതിനു വേണ്ടത്. അധികച്ചെലവ് നേരിടാൻ കെഎസ്ഇബിക്ക് സർക്കാരിന്റെ സഹായം ലഭിച്ചാൽ നിയന്ത്രണങ്ങൾ വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് വൈദ്യുതി നൽകിയിരുന്ന രണ്ടു താപനിലയങ്ങൾ പ്രവർത്തനം നിർത്തി. മറ്റു പല വൈദ്യുതി നിലയങ്ങളും വിഹിതം കുറച്ചു. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. ഇതിൽ 1600 മെഗാവാട്ട് ആഭ്യന്തര ഉത്‌പാദനവും 2200 മെഗാവാട്ട് കരാർ പ്രകാരം ലഭിക്കേണ്ടതുമാണ്. ഇപ്പോൾ 1800 മുതൽ 1900 വരെമാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനു പകരമായാണ് വലിയ വിലനൽകി വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.