കേരളം
പരിശോധിക്കാൻ ആളില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്; ഭക്ഷ്യസുരക്ഷയുറപ്പാക്കാൻ സംസ്ഥാനത്തുള്ള സംവിധാനം ദുർബലം
ഭക്ഷ്യസുരക്ഷയുറപ്പാക്കാൻ സംസ്ഥാനത്തുള്ള സംവിധാനം ദുർബലം. നോക്കുന്നിടത്തെല്ലാം ഹോട്ടലുകളും കടകളുമുള്ള സംസ്ഥാനത്ത് ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ഫുഡ് സേഫ്റ്റ് ഓഫീസർ എന്ന നിലയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉദ്യോഗസ്ഥരുള്ളത്. ഇതിൽ നാൽപ്പത് ഇടത്തും നിലവിൽ ഭക്ഷ്യ സുരക്ഷാ ഓഫീസറില്ല. പരാതി ഉയർന്നാൽ സാമ്പിളെടുക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ് ഈ സ്ഥലങ്ങളിലുള്ളത്.
അതിർത്തി വഴിയാണ് കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളെത്തുന്നതെന്നിരിക്കെ മുഖ്യചെക്ക്പോസ്റ്റുകളിൽ പോലും പരിശോധനയ്ക്ക് സ്ഥിരം സംവിധാനമോ ഓഫീസോ ഇല്ല. പരിശോധനകൾക്ക് നേതൃത്വം നൽകേണ്ട എൻഫോഴ്സ്മെന്റ് ജോയിന്റ് കമ്മിഷണറുടെ സീറ്റിൽ രണ്ട് വർഷത്തിലധികമായി ആളില്ലെന്നതാണ് യാഥാർത്ഥ്യം.
സംസ്ഥാനത്ത് പരിശോധനകൾ ഏകോപിപ്പിക്കേണ്ട എൻഫോഴ്സ്മെന്റ് ജോയിന്റ് കമ്മിഷണറുടെ പോസ്റ്റിൽ വർഷങ്ങളായി ആളില്ലാത്തത് വലിയ വെല്ലുവിളിയാണ്. കുടിവെള്ളം മുതൽ ഭക്ഷിക്കുന്നതെന്തും സുരക്ഷിതമാണോ എന്നതുറപ്പ് വരുത്തേണ്ട വകുപ്പിലാണ് ഈ സ്ഥിതി.
കേരളത്തിലെ പന്ത്രണ്ട് ജില്ലകളിൽ മാത്രമാണ് അസിസ്റ്റന്റ് കമ്മിണർമാരുള്ളത്. കോഴിക്കോട് മേഖലയിൽ ഡെപ്യുട്ടി കമ്മിഷണറില്ല. വാർഡുകളിൽപ്പോലും കടകളും ഭക്ഷണനിർമ്മാണ യൂണിറ്റുകളും മുളച്ചുപൊന്തുമ്പോൾ നോക്കാൻ സംസ്ഥാനത്തുള്ളത് ഒരു പഞ്ചായത്ത് ഓഫീസിന്റെ കരുത്ത് പോലുമില്ലാത്ത സംവിധാനമാണുള്ളത്.