കേരളം
ഏറ്റുമാനൂരില്‍ പിടികൂടിയ മീനില്‍ രാസവസ്തു ഇല്ല; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ നഗരസഭ
ഏറ്റുമാനൂരില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ഒരു കണ്ടെയ്‌നര്‍ പഴകിയ മീനില്‍ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ അട്ടിമറി സംശയിക്കുന്നതായി ഏറ്റുമാനൂര്‍ നഗരസഭ ആരോപിച്ചു.
ഇന്നലെ വൈകീട്ടാണ് ഏറ്റുമാനൂരില്‍ നിന്ന് ഒരു കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടിയത്. ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ നിന്നാണ് മൂന്ന് ടണ്‍ പഴകിയ മത്സ്യം കണ്ടെത്തിയത്. കണ്ടെയ്‌നറില്‍ നിന്ന് വെള്ളം ഒഴുകുന്നത് കണ്ട് നാട്ടുകാരാണ് നഗരസഭയെ വിവരം അറിയിച്ചത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നര്‍ എത്തിയത് ശനിയാഴ്ചയാണ്.
തുടര്‍ന്ന് പരിശോധനയ്ക്കായി മീന്‍ തിരുവനന്തപുരത്തേയ്ക്ക് അയക്കുകയായിരുന്നു. മീനില്‍ രാസ വസ്തുക്കളുടെ സാന്നിധ്യമില്ലെന്ന ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോറി വിട്ടു നല്‍കുമെന്ന് ഏറ്റുമാനൂര്‍ നഗരസഭ അറിയിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് മീനില്‍ രാസവസ്തുക്കള്‍ ഇല്ലെങ്കിലും മീന്‍ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലായിരുന്നുവെന്നും നഗരസഭ വ്യക്തമാക്കി.