ദേശീയം
‘അഗ്നിപഥ് അനിവാര്യം; രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പ്രതിരോധ മന്ത്രാലയം
അഗ്നിപഥ് പദ്ധതിയിൽ കൂടുതൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി പറഞ്ഞു. സാങ്കേതികമായുള്ള അറിവ്, സൈന്യത്തിൽ ചേരാൻ വേണ്ടി ജനങ്ങളെ ആകർഷിക്കുക, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നീ കാര്യങ്ങളാണ് അഗ്നിപഥ് പദ്ധതികളിൽ കൂടി ലക്ഷ്യമിടുന്നത്.
അഗ്നിപഥ് പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് വിവരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. അഗ്നിപഥ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ തീവെപ്പുകളിലും അക്രമ സംഭവങ്ങളിലും പങ്കാളികളായിട്ടില്ല എന്ന സത്യവാങ്മൂലം സമർപ്പിക്കണം. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഒരു മാറ്റവും ഉണ്ടാകില്ല. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. നേരത്തെ ഉണ്ടായിരുന്ന സൈനികരെ അഗ്നീവീർ സ്കീമിലേക്ക് മാറ്റും എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പല രാജ്യങ്ങളിലും ഇത്തരം നിയമനങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ് പദ്ധതി. എന്നാൽ ഏറെ ആലോചിച്ചെടുത്ത തീരുമാനത്തിനെതിരെ നിരവധി പ്രചാരണങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. അഗ്നിപഥിൽ നിന്ന് പിന്നോട്ടില്ലെന്നും രാത്രി വെളുത്തപ്പോൾ ഉള്ള പദ്ധതിയല്ലെന്നും പതിറ്റാണ്ടുകളായി ചർച്ച ചെയ്ത് എടുത്ത തീരുമാനമാണെന്നും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വ്യക്തമാക്കി.