കേരളം
കേന്ദ്രാനുമതി ലഭിച്ചില്ല; സൗദിയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭാ സമ്മേളനം അനിശ്ചിത്വത്തില്‍
സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനം അനിശ്ചിത്വത്തില്‍. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തതാണ് കാരണം. ഈ മാസം 19, 20, 21 തിയ്യതികളിലാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്.
ലോക കേരളാസഭയുടെ ലണ്ടന്‍ സമ്മേളനത്തില്‍ തന്നെ സൗദി അറേബ്യയിലെ മേഖലാ സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ജിദ്ദയിലും റിയാദിലും ദമാമിലുമായി നടത്താനിരുന്ന സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കേന്ദ്രം ഇതുവരെ വിദേശയാത്രക്ക് അനുമതി നല്‍കിയിട്ടില്ല. ഇതാണ് അനിശ്ചിതത്വത്തിന് കാരണം.
രാഷ്ട്രീയാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സൗദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കും. മെയ് മാസത്തില്‍ യുഎഇയിലെ അബുദാബിയില്‍ നടന്ന നിക്ഷേപസംഗമത്തില്‍ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല.