കേരളം
നിഖിൽ ഒളിവിൽ; കണ്ടെത്താൻ പ്രത്യേക എട്ടംഗ സംഘം
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ നിഖിൽ തോമസ് ഒളിവിൽ തന്നെ. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷൻ കണ്ടെത്തിയത്. നിഖിൽ ഒളിവിലാണെന്നും കണ്ടെത്താൻ എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കായംകുളം ഡിവൈഎസ്പി അറിയിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിഖിലിനെ കണ്ടെത്താൻ നിയോഗിച്ചത്.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് നിഖിലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് സംഘം റായ്പൂരിലെ കലിംഗ സർവകലാശാലയിലെത്തിയും അന്വേഷണം നടത്തി. സർവകലാശാല രജിസ്ട്രാർ, വിസി എന്നിവരെ കണ്ട അന്വേഷണ സംഘം, ഇവരിൽ നിന്ന് വിവരങ്ങൾ തേടി. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ റായ്പുർ പൊലീസിൽ പരാതി നൽകില്ല. മറിച്ച് അന്വേഷണം കേരളത്തിൽ തന്നെ മതിയെന്നാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിൽ കേരള പൊലീസ് അന്വേഷണമാണ് ഉചിതമെന്നും കലിംഗ സർവകലാശാല അറിയിച്ചു.
നിഖിലിനെതിരെ എംഎസ്എം കോളജ് പ്രിൻസിപ്പലും മാനേജരും പൊലീസിൽ രേഖാമൂലം പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നിഖിൽ എം തോമസിനെ പുറത്താക്കിയതായി എസ്എഫ്‌ഐയും അറിയിച്ചു. സംഘടനയെ പൂർണമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖിൽ തോമസ് വിശദീകരണം നൽകിയതെന്നും ഒരിക്കലും ഒരു എസ്എഫ്ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തതെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം കലിംഗ സർവകലാശാലയിലെ വ്യാജ സർട്ടിഫിക്കറ്റിൽ 65.73 % മാർക്കോടെ ഫസ്റ്റ് ക്ലാസിൽ ബികോം ‘ജയിച്ച’ നിഖിൽ, കായംകുളം എംഎസ്എം കോളജിൽ എഴുതിയ ബികോം പരീക്ഷയിൽ ജയിച്ചത് ഒന്നാം സെമസ്റ്ററിൽ മാത്രം. ബാക്കി അഞ്ചു സെമസ്റ്ററിനും തോറ്റു. ആറാമത്തെ സെമസ്റ്ററിൽ വിജയിച്ചതു ‘പ്രോജക്ടി’നു മാത്രം.
കലിംഗയുടേതായി നിഖിൽ ഹാജരാക്കിയതു വാർഷികപരീക്ഷയുടെ മാർക്ക് ലിസ്റ്റുകളാണ്. എംഎസ്എം കോളജിൽ നിഖിൽ എഴുതിയതു സെമസ്റ്റർ പരീക്ഷകളാണ്. ഈ പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ കേരള സർവകലാശാലയിലുണ്ട്. ഒരേസമയം രണ്ടിടത്തും പഠിച്ചതായാണു നിഖിൽ അവകാശപ്പെട്ടത്. വ്യാജസർട്ടിഫിക്കറ്റ് നിർമിച്ചതിനൊപ്പം, ഏതു വിധേനയും എംകോമിനു പ്രവേശനം ലഭിക്കാനായി ഉയർന്ന മാർക്കും ‘വാങ്ങി’ എന്നു വേണം മനസ്സിലാക്കേണ്ടത്.