കേരളം
പ്രധാനമന്ത്രി ഗൂരുവായൂരില്‍; താമരപ്പൂവ് കൊണ്ട് തുലാഭാരം; കനത്ത സുരക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു. ഗുരുവായൂരില്‍ താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. ക്ഷേത്ര ദര്‍ശനത്തിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
തൊട്ടടുത്ത മൂന്നു മണ്ഡപങ്ങളിലുമെത്തി നവദമ്പതികള്‍ക്കും മോദി ആശംസ അറിയിക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഗുരുവായൂര്‍ ദര്‍ശനവും വിവാഹചടങ്ങിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കും. ഇതിനുശേഷം മോദി 9.45 ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്.
ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗ്ഗമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. 2019 ലും നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃശൂരില്‍ വിവിധയിടങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക.