കേരളം
മാസപ്പടി വിവാദത്തിൽ വീണ വിജയനെ ന്യായീകരിച്ച് എംവി ഗോവിന്ദൻ
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രണ്ട് കമ്പനികൾ തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണെന്നും വിഷയത്തിൽ സിപിഎം നേരത്തെ നിലപാട് വ്യക്തമായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുള്ള ധാരണക്കനുസരിച്ചുള്ള നിയമപരമായ നടപടികൾ മാത്രമാണ് നടന്നത്. മാധ്യമങ്ങൾ ഇത് പർവതീകരിക്കുകയാണെന്നും വിവാദങ്ങളുണ്ടാക്കുകയാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതിന്റെ രേഖകൾ പുറത്ത് വന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തൽ.
വീണയിൽ നിന്ന് ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾ ലഭിക്കാൻ 2016 ഡിസംബറിൽ സിഎംആർഎൽ കമ്പനി കരാറുണ്ടാക്കിയിരുന്നു. സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറും ഉണ്ടാക്കി. വീണയ്ക്ക് 55 ലക്ഷം, എക്സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കമ്പനി നൽകി. എന്നാൽ ഈ തുക നൽകിയതിന് പകരം കരാർ പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി അറിയില്ലെന്ന് സിഎംആർഎലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർമാർ നൽകിയ മൊഴി നൽകി. മൊഴി പിൻവലിക്കാനായി കമ്പനി പിന്നീട് സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാൽ, വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.