കേരളം
ജപ്തി വിവാദം; മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവച്ചു
മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവച്ചു ജോസ് കെ പീറ്റർ രാജിവച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സഹകരണമന്ത്രി വി.എൻ.വാസവൻ നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് ബാങ്ക് സിഇഒ യുടെ രാജി. രാജി അംഗീകരിച്ചതായി കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അറിയിച്ചു. വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും ജോസ് കെ പീറ്റർ പറഞ്ഞു.
അതേസമയം എല്ലാ ചട്ടങ്ങളും പാലിച്ചാണ് ജപ്തി നടപടിയെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ വാദം. എന്നാൽ ഈ നിലപാട് തള്ളിയാണ് സഹകരണ മന്ത്രി നിലപാട് എടുത്തത്. ജപ്തി നടപടിയിലും തുടർ വിവാദങ്ങളിലും ബാങ്കിൻ്റെ ഉന്നതരിലും സിപിമ്മിനുള്ളിലും അഭിപ്രായഭിന്നത രൂക്ഷമാണ്. ബാങ്കിൽ നിന്നുള്ള രണ്ട് ജീവനക്കാരാണ് ജപ്തി നടപടികൾക്കായി അജേഷിൻ്റെ വീട്ടിലെത്തിയത്. ഇവരെ കൂടാതെ രണ്ട് പൊലീസുകാരും കോടതി ജീവനക്കാരുമാണ് അജേഷിൻ്റെ വീട് ജപ്തി ചെയ്യാൻ എത്തിയത്.
ജപ്തി വിവാദത്തിൽ നിന്ന് തലയൂരാൻ മൂവാറ്റുപുഴയിലെ അജേഷിന്‍റെ വായ്പ കുടിശ്ശിക സിഐടിയു ഇടപെട്ട് തിരിച്ചടച്ചിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിലെ സിഐടിയു അംഗങ്ങളായ ജീവനക്കാർ ചേർന്നാണ് വായ്പ തിരിച്ചടച്ചത്. അജേഷിന്‍റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ സമൂഹ മാധ്യങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ച സിപിഎമ്മിന്‍റെ പണം തനിക്ക് വേണ്ടെന്ന് അജേഷ് പ്രതികരിച്ചിരുന്നു.
മാത്യു കുഴൻനാടൻ എംഎൽഎ അജേഷിന്‍റെ വായ്പ കുടിശ്ശിക എത്രയെന്ന് അറിയിക്കണമെന്നും സാന്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാറെന്നും വ്യക്തമാക്കി ബാങ്കിന് കത്ത് നൽകിയിരുന്നു. രണ്ട് മണിക്കൂറിനകം അജേഷിന്‍റെ വായ്പ ബാങ്ക് ജീവനക്കാർ തിരിച്ചടച്ചെന്ന് ഗോപി കോട്ടമുറിക്കൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു. പിന്നാലെ തന്‍റെ അനുമതിയില്ലാതെ ബാങ്കിലടച്ച പണം തനിക്കാവശ്യമില്ലെന്ന് അജേഷ് പ്രതികരിക്കുകയായിരുന്നു