കേരളം
എഐ ക്യാമറ കരാറിനെ ന്യായീകരിച്ചും കെൽട്രോണിനെ വെള്ളപൂശിയും മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്
വിവാദമായ റോഡ് ക്യാമറാ കരാറിനെ പൂർണ്ണമായും ന്യായീകരിച്ചും കെൽട്രോണിനെ വെള്ളപൂശിയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്. കരാറുകളെല്ലാം സുതാര്യമായിരുന്നുവെന്നും ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാർ നൽകാൻ കെൽട്രോണിന് അധികാരമുണ്ടെന്നുമാണ് റിപ്പോർട്ട്.
എസ്ആർഐടി ഉപകരാർ നൽകിയ കമ്പനികളെ കുറിച്ച് കെൽട്രോൺ അറിയേണ്ട കാര്യമില്ലെന്നാണ് വ്യവസായമന്ത്രിയുടെ വിശദീകരണം. റോഡ് ക്യാമറ കരാറിൽ ഉയർന്ന സംശയങ്ങളെയോ ആരോപണങ്ങളെയോ സ്പർശിക്കാതെയാണ് അന്വേഷണ റിപ്പോർട്ട്. കെൽട്രോണും ഗതാഗത കമ്മീഷണറുമായി 2020 ഉണ്ടാക്കിയ കരാറിൽ തന്നെ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലിൽ മന്ത്രിസഭാ തെറ്റുകള്‍ തിരുത്തി അനുമതി നൽകിയിരുന്നു.
പക്ഷെ ഈ സംശയങ്ങളിലേക്കൊന്നും കടക്കാതെ കരാറിനെ പൂർണമായും വെള്ളപൂശുന്നതാണ് പ്രിൻസിപ്പിൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്. ഉയർന്ന തുകക്കുള്ള കരാർ നൽകൽ, ഉപകരാറിലെ സുതാര്യയില്ലായ്മ, ധനവകുപ്പിന്റെ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയായിരുന്നു ആരോപണങ്ങള്‍. പക്ഷെ എല്ലാം അന്വേഷണ റിപ്പോർട്ട് തള്ളുന്നു.