കേരളം
ഇടുക്കിയില്‍ ഏഴ് വയസുകാരെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ
ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരനെ പൊള്ളൽ ഏല്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ജ്യൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി മുൻപാകെ ഹാജരാക്കും.
അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന 7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു. കണ്ണിൽ മുളകു പൊടി തേച്ചതായും പരാതി ഉയർന്നിരുന്നു. സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചതോടെ ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. പൊള്ളലേറ്റ വയസ്സുകാരൻ്റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അമ്മക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
മുമ്പ് പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറയുന്നു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്. രണ്ട് കൈക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍, കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.