ദേശീയം
പുതിയ പാർലമെന്റ്റിൽ ചെങ്കോലുമായി പ്രധാനമന്ത്രി; ഉദ്ഘാടനം ഇന്ന്
പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന്റെ ഭാഗമായി ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട്ടിലെ പൂജാരിമാരിൽ നിന്നാണ് നരേന്ദ്രമോദി ചെങ്കോൽ ഏറ്റുവാങ്ങിയത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു ഇന്നലെ വൈകിട്ടോടെ ചെങ്കോൽ കൈമാറിയത്.
മന്ത്രോച്ഛാരണങ്ങളുടെ അകമ്പടിയോടു കൂടിയായിരുന്നു ചെങ്കോൽ കൈമാറ്റം. ഇന്നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ഇതിനോടനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ ന്യൂഡൽഹിയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണക്കായി 75 രൂപയുടെ നാണയയവും സ്റ്റാമ്പും ഇന്ന് പുറത്തിറക്കും. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും 5 ശതമാനം നിക്കലും 5 ശതമാനം സിങ്കുമാണ് നാണയത്തിൽ അടങ്ങിയിട്ടുള്ളത്.
അതേസമയം, ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷ പാർട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 19 പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. തു സംബന്ധിച്ച് സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിരുന്നു. രാഷ്ട്രപതിയുടെ പദവിയെ അപമാനിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. എന്നാല്‍ ചടങ്ങളില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ ഉള്‍പ്പടെ 25 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ബിജെപി, ശിവസേന, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, സിക്കിം ക്രാന്തികാരി മോര്‍ച്ച, ജന്‍നായക് പാര്‍ട്ടി, എഐഎഡിഎംകെ, ഐഎംകെഎംകെ, എജെഎസ് യു, ആര്‍പിഐ, മിസോ നാഷണല്‍ ഫ്രണ്ട്, തമിഴ് മാനില കോണ്‍ഗ്രസ്, ഐടിഎഫ്ടി, ബോഡോ പീപ്പിള്‍സ് പാര്‍ട്ടി, പട്ടാലി മക്കള്‍ കച്ചി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, അപ്നാ ദള്‍, ആസാം ഗണ പരിഷത്ത് എന്നീ പാര്‍ട്ടി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.