കേരളം
ക്ഷീരകർഷകർക്ക് ആശ്വാസം ; നാളെ മുതൽ മിൽമ മുഴുവൻ പാലും സംഭരിക്കും
മലബാറിലെ ക്ഷീര കർഷകരുടെ ദുരിതത്തിന് പരിഹാരമാവുന്നു. നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുമെന്നും മിൽമ അറിയിച്ചു.
മുഖ്യമന്ത്രിയും,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ.എസ് മണി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
അധികമായി വരുന്ന പാൽ ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്മ്യുണിറ്റി , അതിഥി തൊഴിലാളി ക്യാമ്പുകൾ, വൃദ്ധസദനങ്ങൾ, കൊവിഡ് ആശുപത്രികൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
പാൽ പാൽപൊടിയാക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന മലപ്പുറം ജില്ലയിലൊഴികെ മറ്റെല്ലായിടത്തും പാലിന്‍റെയും പാലുൽപ്പന്നങ്ങളുടേയും ആവശ്യകത വർധിക്കുകയാണ്. എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകൾ മലബാറിൽ നിന്ന് പാൽ ശേഖരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മിൽമ വ്യക്തമാക്കി.