കേരളം
മൈക്ക് കേസ്; പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ടും ഹാജരാക്കും. പൊലീസ് സ്വമേധയാ കേസെടുത്തത് പൊതുസുരക്ഷയ്ക്ക് ഭീഷണിയെന്ന കാരണം പറഞ്ഞാണ്. എന്നാൽ കേസെടുത്തത് വൻ വിവാദമാവുകയും പൊതുജനമടക്കം പരിഹാസവുമായി രംഗത്ത് വരികയും ചെയ്തതോടെ കേസിൽ നിന്ന് സർക്കാർ നേരത്തെ തന്നെ തലയൂരുകയായിരുന്നു.
കേസിൽ പരിശോധന മാത്രം മതിയെന്നും തുടർ നടപടികൾ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ചിരിപ്പിച്ച് കൊല്ലരുതെന്നായിരുന്നു പരിഹസിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞാണ് കേസെടുത്തതെന്ന് ആരോപിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമക്ക് പൊലീസ് തിരിച്ചു നൽകുകയും ചെയ്തു.
സെക്കന്റുകൾ മാത്രം മൈക്ക് തകരാറായതിന്റെ പേരിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവർത്തിച്ചുവെന്നായിരുന്നു എഫ്ഐആർ. പൊലീസ് സ്വമേധയാ എടുത്ത കേസിൽ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്‌വി സൗണ്ട്സ് ഉടമ രജ്ഞിത്തിൽ നിന്നും മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തതാണ് വിവാദമാകാൻ കാരണം.