ദേശീയം
രാജ്യത്ത് മാസ്‌ക് ഉപയോഗം കുറഞ്ഞു; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിവരികയാണ്. ഇതോടെ മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ മൊത്തം മാസ്‌ക് ഉപയോഗത്തില്‍ 74 ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ മാസ്‌ക് ഉപയോഗത്തില്‍ കുറവ് കാണുന്നു. കോവിഡ് അപകടകരമായി നമുക്ക് ചുറ്റുമുണ്ടെന്നും മാസ്‌ക് ധരിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലയിടങ്ങളിലും കോവിഡിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ തിരിച്ചുപോയിരിക്കുന്നു. ഈ ഘട്ടത്തില്‍ കൃത്യമായി മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.