കേരളം
വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ; ഹർജി ഹൈക്കോടതി പരിഗണനയിൽ
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം വീഡിയോ കോൺഫറൻസ് വഴി നടത്താൻ കഴിയുമോ തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് ഹൈക്കോടതി വിശാല ബഞ്ച് പരിഗണനയ്ക്ക് വിട്ടു.
വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ അനുമതി തേടിയുള്ള ഒരു കൂട്ടം ഹർജിയിൽ ആണ് ജസ്റ്റിസ് പിബി സുരേഷ് കുമാറിന്‍റെ നടപടി.
കൊവിഡ് സാഹചര്യത്തിൽ വിദേശത്തുള്ളവർക്ക് നാട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള പ്രയോഗിക ബുദ്ധിമുട്ട് ചൂണ്ടികാട്ടിയാണ് ഹർജിക്കാർ കോടതിയിലെത്തിയത്. നേരത്തെ ചിലർക്ക് ഹൈക്കോടതി വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസട്രേഷന് അനുമതി നൽകിയിരുന്നു.
കക്ഷികൾ രണ്ട് പേരും നേരിട്ട് മാരേജ് ഓഫീസർക്ക് മുന്നിൽ നേരിട്ട് ഹാജരാകണമെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഈ നിയമ പ്രശ്നത്തിൽ ഒരു പ്രായോഗിക പരിഹാരം ഉണ്ടാക്കുന്നത് നിരവധിപേർക്ക് ഗുണം ചെയ്യുമെന്ന് കോടതി വിലയിരുത്തി.