കേരളം
‘മാർക്ക് രേഖപ്പെടുത്തിയില്ല, എന്നിട്ടും പാസായി’; എസ്.എഫ്.ഐ സെക്രട്ടറി പി.എം. ആർഷോയുടെ പരീക്ഷാഫലം വിവാദത്തിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ മാർക്ക് ലിസ്റ്റ് വിവാദം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ റിസൾട്ടിലാണ് വിവാദം. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ല. പക്ഷേ പാസ്സായി എന്നാണ് ലിസ്റ്റിൽ പറയുന്നത്.
എന്നാൽ സംഭവിച്ചത് സാങ്കേതിക തകരാറെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. വിശദമായ പരിശോധന നടത്തുമെന്നും മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു. എസ്.എഫ്.ഐ ഇടപെട്ടാണ് മാർക്ക് ലിറ്റിൽ തിരിമറി നടത്തിയെന്ന് കെ.എസ്.യു ആരോപിച്ചു. ഓൺലൈനിലാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. മാർച്ചിൽ പ്രസിദ്ധീകരിച്ച റിസൾട്ടാണിത്. മൂന്ന് മാസം കഴിഞ്ഞിട്ടും ഇത്തരത്തിലൊരു തിരിമറി നടന്നത് അധ്യാപകരുടെ കണ്ണിൽപ്പെട്ടില്ല എന്ന് പറയുന്നതും സംശയിക്കേണ്ടിയിരിക്കുന്നെന്ന് കെ.എസ്.യു നേതാക്കൾ മീഡിയവണിനോട് പറഞ്ഞു.