ദേശീയം
മംഗളൂരു വിമാനത്താവളത്തിൽ ലഗേജുകൾ കൈവിട്ടാൽ കടിച്ചെടുക്കും; പരിശീലനം ലഭിച്ച നാലു നായ്ക്കളെത്തി
ലഗേജുകൾ കൈവിട്ടാൽ കടിച്ചെടുക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നാല് നായ്ക്കളെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിയോഗിച്ചു. ലഗേജുകള്‍ അശ്രദ്ധമായി ഉപേക്ഷിച്ച് മാറിയാൽ മാക്‌സ്, റേന്‍ജര്‍, ജൂലി, ഗോള്‍ഡി എന്നിങ്ങനെ പേരുള്ള നായ്ക്കളിൽ ആരും പൊക്കും. പരിശോധനകളുടെ എല്ലാ കടമ്പകളും കഴിഞ്ഞ് അപകടമില്ലെന്ന് ഉറപ്പാക്കിയേ അധികൃതർ ബാഗ് ഉടമക്ക് തിരിച്ചു നൽകൂ.
സി.സി.ടി.വികൾ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെയാണ് നായ്ക്കൾ. ടെര്‍മിനല്‍, ലാന്‍ഡിങ്, പാര്‍ക്കിങ്, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് നായ്ക്കളെ വിന്യസിച്ചത്. ജൂലി ഒഴികെ മൂന്നും ആൺ നായ്ക്കളാണ്. മാക്‌സും റേന്‍ജറും ‘ബെല്‍ജിയന്‍ മാലിനോയിസ്’ ഇനത്തിൽ പെട്ടതും ജൂലിയും ഗോള്‍ഡിയും ലാബ്രഡോറുകളുമാണ്.
മൂന്ന് വർഷം മുമ്പ് മംഗളൂരു വിമാനത്താവളത്തിൽ സംഭവിക്കുമായിരുന്ന വൻ ദുരന്തം മറ്റു സുരക്ഷാ സംവിധാനങ്ങൾ പലതുണ്ടായിട്ടും അകറ്റിയത് സി.ഐ.എസ്.എഫിന്‍റെ നായയായ ലിനയായിരുന്നു. ആദിത്യ റാവു എന്നയാൾ വെച്ചു പോയ ബാഗിനകത്തെ അപകടം മണത്തറിഞ്ഞത് ലിനയാണ്. വൃക്ക സംബന്ധ അസുഖത്തെത്തുടർന്ന് കഴിഞ്ഞ നവംബറിലാണ് ലിന ചത്തത്. ഉടുപ്പി സ്വദേശിയായ ആദിത്യ റാവു ഓട്ടോയിൽ വിമാനത്താവളത്തിൽ വന്നിറങ്ങി ബോംബ് അടക്കം ചെയ്ത ലാപ്ടോപ് ബാഗ് എയർ ഇന്ത്യ ഓഫിസിന് മുന്നിൽ വെച്ച് അതേ ഓട്ടോയിൽ കടന്നുകളയുകയായിരുന്നു. ബോംബ് തിരിച്ചറിഞ്ഞ് നിർവീര്യമാക്കിയാണ് വൻ ദുരന്തം അകറ്റിയത്.