കേരളം
മാനവും മാനവിയും അമ്മത്തൊട്ടിലിലെ പുതിയ അതിഥികളായത് ഒരു പകലിന്റെ വ്യത്യാസത്തിൽ; മാനവിയെ ഐസിയുവിലേക്ക് മാറ്റി
സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ആസ്ഥാനത്തും ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു മുമ്പിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിൽ വെള്ളിയാഴ്ച ഓരോ പുതിയ അതിഥികളെത്തി. തിരുവനന്തപുരത്ത് ആൺകുട്ടിയെയും ആലപ്പുഴയിൽ പെൺകുട്ടിയെയുമാണ് ലഭിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിക്കാണ് ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ മൂന്നുദിവസം മാത്രം പ്രായമുള്ള പെൺകുരുന്ന് അതിഥിയായി എത്തിയത്. അതേ ദിവസം രാത്രി 9.50നാണ് നാലുദിവസം പ്രായമുള്ള ആൺകുട്ടി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ സംരക്ഷണത്തിനായി എത്തിയത്.
അമ്മത്തൊട്ടിൽ ഏറ്റുവാങ്ങിയ കുരുന്നുകൾക്ക് മാനവ്, മാനവി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. ജാതി മത വർഗ്ഗ ഭാഷാ വ്യത്യാസമില്ലാതെ നല്ല മൂല്യങ്ങളിലും ചിന്തയിലുമൂന്നി ദേശീയത എന്ന സങ്കല്പം മനസ്സിൽ അതിരുകൾ വരയ്ക്കാതെ മനുഷ്യ മനസ്സുകളെ ഒന്നായി കണ്ട് മാനവീകതയുടെ ഉത്തുംഗ ശ്രേണിയിലേക്ക് വഴിനടത്തുക എന്നത് ഓരോ രാഷ്ട്രത്തിൻറെയും ഭരണാധികാരികളുടേയും ഉത്തരവാദിത്വമാണ് എന്നത് ഓർമ്മിപ്പിക്കുക കൂടിയാണ് പുതിയ അതിഥികൾക്ക് ഇപ്രകാരം പേരിട്ടതെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
ആലപ്പുഴയിൽ ലഭിച്ച മാനവിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തുടർ ചികിത്സകൾക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തു ലഭിച്ച മാനവിനെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനകൾ നടത്തി. പൂർണ്ണ ആരോഗ്യവാനായ മാനവ് തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.
2002 നവംബർ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 593-ാമത്തെ കുരുന്നാണ് മാനവ്. കഴിഞ്ഞ എട്ടു മാസത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 11-ാമത്തെ കുട്ടിയും എട്ടാമത്തെ ആൺകുട്ടിയുമാണ്. ആലപ്പുഴ അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന ഒൻപതാമത്തെ കുട്ടിയും നാലാമത്തെ പെൺകുരുന്നുമാണ് മാനവി.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിദേശത്തേക്ക് 10 കുട്ടികൾ ഉൾപ്പെടെ ഇതുവരെ 67 കുട്ടികളെയാണ് സമിതിയിൽ നിന്നും ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി യാത്രയാക്കിയത്. പുതിയ അതിഥികളുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്നും ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.