കേരളം
ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും: പുതിയ പരീക്ഷണവുമായി കെ.എസ്.ആര്‍.ടി.സി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പരീക്ഷണവുമായി കെഎസ്ആര്‍ടിസി. പൊളിക്കാന്‍ വെച്ച കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പൊളിക്കാന്‍ വെച്ച ബസുകള്‍ പല വകുപ്പുകള്‍ക്കും നല്‍കുന്നുണ്ട്. പൊളിച്ചു വിറ്റാല്‍ വളരെ തുച്ഛമായ വില മാത്രമേ ലഭിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് ആദ്യം ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയതിന് ശേഷം വിപൂലീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കും. വിദ്യാഭ്യാസ വകുപ്പും ഗതാഗതവകുപ്പും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാമെന്നത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ആശയമാണെന്നും ആന്റണി രാജു അറിയിച്ചു.
നേരത്തെ 75ഓളം ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. സര്‍ക്കാരിന്റെ വസ്തു പൊളിച്ചുവില്‍ക്കാന്‍ വലിയ നടപടിക്രമങ്ങളുണ്ട്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടേത് നല്ല ആശയമാണ്. നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് ക്ലാസ് മുറികളാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.