കേരളം
36 വർഷം നീണ്ട സേവനം അവസാനിപ്പിച്ച് ലോക്നാഥ് ബെഹ്‌റ പടിയിറങ്ങുന്നു
36 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പടിയിറങ്ങുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പാണ് അദ്ദേഹത്തിന് നൽകിയത് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേരള പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുത്ത അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും സംസ്ഥാന പോലീസ് മേധാവിക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.
പോലീസിന്‍റെ പ്രതിച്ഛായ പൊതുസമൂഹത്തിൽ ഉയര്‍ത്തിപ്പിടിക്കുന്നതിനും പോലീസിനെതിരെയുള്ള വാര്‍ത്തകള്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു.
2017 ജൂലൈയിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിൽ ലോക്നാഥ് ബെഹ്റ രണ്ടാം തവണ എത്തുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2016 ജൂൺ ഒന്നുമുതൽ 2017 മെയ് ആറാം തിയതിവരെ സംസ്ഥാന പൊലീസ് മേധാവിയായിരുന്നു. പിന്നീട് ടി പി സെൻകുമാർ കോടതി ഉത്തരവുമായി എത്തിയതോടെ ഒരു ഇടവേള വന്നു.
കഴിവ്, പ്രവര്‍ത്തനമികവ്, ഭരണ നിര്‍വഹണം, സേനയിലെ പ്രവൃത്തിപരിചയം എന്നീ മാനദണ്ഡങ്ങളും മുമ്പ് പോലീസ് മേധാവിയായി ജോലിചെയ്തുള്ള പരിചയം, എന്‍.ഐ.എ., സി.ബി.ഐ. എന്നിവിടങ്ങളിലെ അനുഭവസമ്പത്ത് തുടങ്ങിയ ഘടകങ്ങളൊക്കെ ബെഹ്റയ്ക്ക് അനുകൂലമായി.
1985 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. ആലപ്പുഴ എ.എസ്.പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയും കൊച്ചി പോലീസ് കമ്മീഷണര്‍, പൊലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി. നവീകരണം എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.