ദേശീയം
അർജുനായി മാൽപെ സംഘം; 100 അടി താഴ്ചയിൽ എത്താം, ദൗത്യം വിശദീകരിച്ച് സംഘം
അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദഗ്ധരുടെ സംഘം മുമ്പും സമാനമായ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തവർ. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്.
‘ഗംഗാവലിയിലെ അടിയൊഴുക്കിന് സമാനമായ ഒരുപാട് സാഹചര്യങ്ങളില്‍ ഇതിനുമുമ്പും ഇടപെട്ടിട്ടുണ്ടെന്ന് സംഘത്തലവനായ ഈശ്വർ പറഞ്ഞു. എസ്.പിയും ഡിവൈ.എസ്.പിയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദൗത്യത്തിനായി വന്നത്. വിവിധ അപകടങ്ങളിൽപ്പെട്ട ആയിരത്തോളം മൃതദേഹങ്ങൾ കർണാടകയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ല. കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗം ഏതാണെന്നും ലോഹഭാഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുക. റഡാർ ഉപയോഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്തും. വെള്ളത്തിൽ നൂറ് അടിവരെ താഴെ പോയി മൃതദേഹങ്ങൾ പുറത്തെത്തിച്ചിട്ടുണ്ട്.
നേവിയുടെ ബോട്ടിൽ പോയി വെള്ളത്തിനടിയിലേക്ക് നങ്കൂരം കയർകെട്ടി ഇടും. പിന്നീട് വെള്ളത്തിലേക്ക് ഇറങ്ങി നങ്കൂരത്തിന്റെ സഹായത്തോടെ പുഴയുടെ അടിത്തട്ടിൽ നിലയുറപ്പിക്കും. മറ്റിടങ്ങളിൽനിന്ന് അർജുനെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ലോറിക്ക് ഉള്ളിൽ തന്നെ ഉണ്ടാകുമെന്നാണ് വിശ്വാസം’, ഈശ്വർ കൂട്ടിച്ചേർത്തു.