ദേശീയം
വായ്പാ മൊറട്ടോറിയം കാലാവധി നീട്ടില്ല: പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
വായ്പാത്തിരിച്ചടവുകള്‍ക്ക് മോറട്ടോറിയം കാലാവധി നീട്ടില്ലെന്ന് സുപ്രീംകോടതി. നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയത്. ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
പലിശ ഒഴിവാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നല്‍കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പക്ഷേ ഈ കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആരില്‍ നിന്നെങ്കിലും പിഴപ്പലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ച ആറുമാസത്തെ കൂട്ടുപലിശ സര്‍ക്കാര്‍ വഹിക്കുകയാണു ചെയ്തത്.