കേരളം
ബയോമെട്രിക് പഞ്ചിങ് സ്ഥാപിച്ച സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ഉത്തരവിട്ട് ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഉത്തരവിട്ടു. ഇതിലൂടെ ജോലിക്ക് ഹാജരാകാൻ വൈകുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം സർക്കാരിന് പിടിക്കാനാകും. നേരത്തെ തന്നെ ബയോമെട്രിക് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ചില ഓഫീസുകൾ ഇത് സ്പാർക്കുമായി ബന്ധിപ്പിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകിയത്.സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ ഇ-ഗവേണൻസിനായി കൊണ്ടുവന്ന സോഫ്റ്റുവെയർ സംവിധാനമാണ് സ്പാർക്. 2007 ലാണ് സർവീസ് ആന്റ് പേറോൾ അഡ്മിനിസ്ട്രേറ്റീവ് റെപോസിറ്ററി ഓഫ് കേരള എന്ന ഈ സംവിധാനം നിലവിൽ വന്നത്.
സർക്കാർ ജീവനക്കാരുടെ ശമ്പളവും സേവനവും സംബന്ധിച്ച എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും സ്പാർക് സംവിധാനം ലഭ്യമാണ്. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തിലേറെ വരുന്ന ജീവനക്കാർ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. എല്ലാ ജീവനക്കാരുടെയും സർവീസ് ബുക്കും ഈ സംവിധാനത്തിലൂടെ ഡിജിറ്റലൈസ് ചെയ്തിരുന്നു.