കേരളം
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് കേടാകല്‍; വീഴ്ച പറ്റിയ ആശുപത്രി സൂപ്രണ്ടിന് സ്ഥാനക്കയറ്റം
കാസര്‍കോട്: കേടായ ലിഫ്റ്റിനെ ചൊല്ലി വിവാദമുണ്ടായ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സ്ഥാനക്കയറ്റം. ഡോ. കെ കെ രാജാറാമിനെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു. ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായ വിഷയത്തില്‍ സൂപ്രണ്ടിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ നടപടിയില്ലാതെയാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടായ ഡോ. രാജാറാമിന് സ്ഥാനക്കയറ്റത്തോടെയാണ് സ്ഥലം മാറ്റം. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ഈ മാസം 30 ന് ചുമതലയേല്‍ക്കും. ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട് കൃത്യമായി നന്നാക്കാത്ത സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് വീഴ്ച പറ്റിയെന്ന് നിയമ സേവന അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോസ് ഡിക്രൂസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും സൂപ്രണ്ടിന്‍റെ അലംഭാവം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം നാലിന് കേടായ ലിഫ്റ്റ് ഇതുവരേയും നന്നാക്കിയിട്ടില്ല. ഇപ്പോഴും രോഗികളെ ചുമന്നാണ് വിവിധ നിലകളിലേക്ക് കയറ്റുന്നതും ഇറക്കുന്നതും. അലംഭാവം കാണിച്ച ഉദ്യോഗസ്ഥന് ഇതിനിടയിലാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. എറണാകുളത്തെ ഇന്‍ഫ്ര എലിവേറ്റേഴ്സ് എന്ന കമ്പനിക്ക് 14 ലക്ഷം രൂപയ്ക്ക് ലിഫ്റ്റ് നന്നാക്കാന്‍ ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. ചുരുങ്ങിയത് 20 ദിവസമെങ്കിലും എടുക്കും ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാകാനെന്നാണ് വിവരം. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാലിനാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ചുമതല നല്‍കിയിരിക്കുന്നത്. പുതിയ സൂപ്രണ്ടിനെ നിയമിച്ചിട്ടില്ല.