കേരളം
ചെറുനാരങ്ങയ്ക്ക് വില കുത്തനെ ഉയരുന്നു ; വലഞ്ഞ് റംസാൻ വിപണി
റംസാൻ വിപണി സജീവമായതിനു പിന്നാലെ ചെറുനാരങ്ങയ്ക്ക് കുത്തനെ വില ഉയരുന്നു. 40 രൂപ നൽകിയാൽ ഒരു കിലോ ചെറുനാരങ്ങ കിട്ടിക്കൊണ്ടിരുന്ന അവസ്ഥയിൽ നിന്നും ഇപ്പോൾ 20 രൂപയ്ക്ക് ഒരു ചെറുനാരങ്ങാ കിട്ടുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ചെറുനാരങ്ങ വില 200 രൂപയിൽ കൂടുന്നത്. പല സംസ്ഥാനങ്ങളിലും വില 300 കടക്കുകയും ചെയ്തു. വേനൽ കാലത്ത് പൊതുവെ ചെറുനാരങ്ങയുടെ വില വർധിക്കാറുണ്ടെങ്കിലും ഇത്രയും വലിയൊരു കത്തികയറൽ ഇതാദ്യമായാണ്.
ശരീരത്തിൽ ജലാംശം നിലനിർത്താൻ ചെറുനാരങ്ങയ്ക്ക് സാധിക്കും. അതിനാൽ തന്നെ ചൂട് കാലത്ത് ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരെയാണ്. ഏപ്രിൽ, മെയ് മാസത്തിൽ നാരങ്ങാവെള്ളം മിക്ക വീടുകളിലെയും സ്ഥിരം ഐറ്റമാണ്. ഉഷ്ണകാലത്ത് വർധിച്ച ഉപഭോഗവും അതേസമയം ലഭ്യത കുറവുമാണ് ചെറുനാരങ്ങയുടെ വില കുതിച്ചുയരാനുള്ള കാരണം. തമിഴ്‌നാട്ടിൽ നിന്നും മറ്റു പച്ചക്കറികൾക്കൊപ്പം തന്നെ ചെറുനാരങ്ങയും വേനൽകാലത്ത് കേരള വിപണിയെ കൈയടക്കാൻ എത്താറുണ്ട്.
സാധാരണയായി തമിഴ്‌നാട്ടിലെ പുളിയൻകുടി, മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്. എന്നാൽ വിളവെടുപ്പ് മോശമായതിനൊപ്പം തമിഴ്‌നാട്ടിലെ ഉത്സവങ്ങളും മലയാളിക്ക് പണി തന്നു. ചെറുനാരങ്ങ കൊണ്ടുള്ള മാലകൾ തമിഴ് ജനതയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ട്തന്നെ ഉത്സവ സീസൺ ആയതിനാൽ തമിഴ്‌നാട്ടിൽ ചെറുനാരങ്ങയ്ക്ക് വമ്പിച്ച ഡിമാൻഡാണ്. ഇതോടെ ചെറുനാരങ്ങയ്ക്ക് തൊട്ടാൽപൊള്ളുന്ന വിലയുമായി.