കേരളം
ഇടതു സർക്കാരിന്റെ മദ്യനയം വൈകാൻ സാദ്ധ്യത
സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാരിനെ പിടിച്ചുലച്ച, വിവാദ കൊടുങ്കാറ്റിൽ പെടുത്തിയതാണ് മദ്യനയം. ബാർകോഴക്കേസിന്റെ ഉത്ഭവം തന്നെ മദ്യനയത്തിൽ നിന്നാണ്. ഈ കോഴക്കേസ് യുഡിഎഫ് സർക്കാരിന്റെ അടിവേരറുത്തത് കേരളം കണ്ടതാണ്. എന്നാൽ ഇടതു സർക്കാരിന്റെ മദ്യനയം ഏറെ പുതുമകളോടെ അവതരിപ്പിക്കാനാണ് ഒരുക്കം. പക്ഷേ ഏപ്രിൽ ഒന്നിന് നിലവിൽ വരേണ്ട മദ്യനയത്തിന് ഇതുവരെ അന്തിമ രൂപമായിട്ടില്ല. ഏറെ കരുതലോടെ നയം തയ്യാറാക്കുന്നതായിരിക്കും മദ്യനയം വൈകാൻ കാരണമെന്നാണ് സൂചന.
മദ്യനയത്തിന് രൂപമാവാത്തതിനാൽ നിലവിലെ കള്ളുഷാപ്പുകളുടെ ലൈസൻസ് രണ്ട് മാസത്തേക്ക് നീട്ടിനൽകാനാണ് സർക്കാർ തീരുമാനം. ബാറുകളുടെ ലൈസൻസ് ഇതുപ്രകാരം പുതുക്കാനും എക്സൈസ് വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. മദ്യനയം പ്രഖ്യാപിക്കുന്നത് വൈകുന്നതിനാലാണ് ഇത്.
പുതിയ മദ്യനയം വരുമ്പോൾ ഫീസിൽ വർദ്ധന വരുത്തിയാൽ അധികം വരുന്ന തുക അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ബാറുകൾക്കും കള്ള് ഷാപ്പുകൾക്കും ലൈസൻസ് പുതുക്കി നൽകുക. കള്ളുഷാപ്പുകളുടെ വില്പനയും പണമടയ്ക്കലുമെല്ലാം ഓൺലൈനാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബാറുടമകളുമായും കള്ള്ഷാപ്പ് ലൈസൻസികളുമായും നടത്തിയ ചർച്ചയിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ കൂടി പരിഗണിച്ചാവും പുതിയ മദ്യനയം തയ്യാറാക്കുക. ബാറുകളുടെ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽ നിന്ന് കൂട്ടാനും ആലോചിക്കുന്നുണ്ട്. സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണിത്.
കോവിഡിനെ തുടർന്ന് ഏറെനാൾ ബാറുകൾ അടച്ചിട്ടനാൽ വൻതോതിൽ നഷ്ടമുണ്ടായതിനാൽ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കരുതെന്നാണ് ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഫീസ് കൂട്ടണമെന്ന ശുപാർശയാണ് എക്സൈസ് വകുപ്പ് സർക്കാരിന് നൽകിയത്. കള്ളുഷാപ്പിൽ ഉണ്ടാവേണ്ട ചെത്തുതൊഴിലാളികളുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായി കുറയ്ക്കണമെന്ന ഷാപ്പുടമകളുടെ ആവശ്യം പരിഗണിച്ചേക്കും. നേരത്തെയുള്ള നിരവധി തൊഴിലാളികൾ വിരമിച്ചതിനാലും കള്ള് ചെത്ത് മേഖലയിലേക്ക് പുതുതലമുറക്കാർ വരാത്തതിനാലും തൊഴിലാളി ക്ഷാമമുണ്ടെന്നാണ് അവരുടെ വാദം.
ഒരു തൊഴിലാളി ഒരു തെങ്ങിൽ നിന്ന് രണ്ട് ലിറ്റർ കള്ള് അളക്കുമെന്ന മാനദണ്ഡത്തിന് മാറ്റം വരുത്തണമെന്ന നിർദ്ദേശവും ഷാപ്പുടമകൾ മുന്നോട്ടുവച്ചിരുന്നു. പുതിയ ഇനം തെങ്ങുകളിൽ നിന്ന് നാല് ലിറ്റർ വരെ കള്ള് കിട്ടുന്നുണ്ട്. തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായതിൽ കൂടുതൽ കള്ള് , ഷാപ്പുകളിൽ സൂക്ഷിച്ചാൽ വ്യാജ കള്ള് എന്ന കുറ്റം ചുമത്തി എക്സൈസിന് കേസെടുക്കാം. ഒരു തൊഴിലാളി എട്ട് തെങ്ങ് ചെത്തണമെന്നതാണ് വ്യവസ്ഥ.
വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ തുടങ്ങി നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് കള്ള് ഷാപ്പുകൾ പ്രവർത്തിക്കാനുള്ള ദൂരപരിധി 400 മീറ്ററാണ്. എന്നാൽ ഫൈവ് സ്റ്റാർ , ഫോർ സ്റ്റാർ ബാർ ഹോട്ടലുകൾക്ക് ഇത് 50 മീറ്ററും ത്രീസ്റ്റാർ ബാറുകൾക്കും ചില്ലറ മദ്യവില്പനശാലകൾക്കും 200 മീറ്ററുമാണ്. കള്ള് ഷാപ്പുകളോടുള്ള ഈ വിവേചനം മാറ്റുന്നതും മദ്യനയത്തിൽ പരിഗണിച്ചേക്കും. ചുരുക്കത്തിൽ ഏറെ പുതുമകളോടെയായിരിക്കും രണ്ടാം പിണറായി സർക്കാരിന്റെ മദ്യനയം വരിക.