കേരളം
ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി; ഹര്‍ജികള്‍ പുതിയ ബെഞ്ചിലേക്ക്
എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. വിശദമായ വാദം കേള്‍ക്കേണ്ട ഹര്‍ജിയെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിയത്. ഹര്‍ജികള്‍ ഇനി പുതിയ ബഞ്ച് പരിഗണിക്കും.
കേസില്‍ രണ്ട് കോടതികള്‍ തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും എന്നാല്‍ ഇപ്പോഴും തലയ്ക്ക് മുകളിലെ വളായി ഈ ഹര്‍ജി നിലനില്‍ക്കുകയാണെന്നും ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഹ്രസ്വമായ വാദംകേള്‍ക്കലേ ആവശ്യമുള്ളുവെന്നും ഫ്രാന്‍സിസിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറും അഭിഭാഷകന്‍ എം.എല്‍ ജിഷ്ണുവും ചൂണ്ടിക്കാട്ടി. എന്നാല്‍, കേസില്‍ വിശദമായ വാദംകേള്‍ക്കല്‍ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് നിരീക്ഷിച്ചു. അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടാകാം. എന്നാല്‍ വിശദമായ വാദം കേള്‍ക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2018 ജനുവരിയില്‍ നോട്ടിസ് അയച്ചശേഷം കേസ് 32ാം തവണ വിചാരണ മാറ്റുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിയായിരുന്ന എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ എത്തിയത്.
വിധി റദ്ദാക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ അറിയിക്കണമൊന്നാണ് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലാവലിന്‍ കരാര്‍ മൂലം കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറ്റിയതു ലാവലിന്‍ കമ്പനിക്കാണ് ഗുണമുണ്ടാക്കിയതെന്നും സിബിഐ വ്യക്തമാക്കുന്നു.
പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസില്‍, വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. തങ്ങളെയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.