കേരളം
സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് ഇനി ലാപ്‌ടോപ്; ഡെസ്‌ക്ടോപ് കംപ്യൂട്ടറുകള്‍ ഒഴിവാക്കുന്നു
സെക്രട്ടേറിയറ്റിലെ 10 വർഷം വരെ പഴക്കമുള്ള ഡെസ്ക്ടോപ് കംപ്യൂട്ടറുകൾ ഒഴിവാക്കുന്നു. പകരം ജീവനക്കാർക്ക് ലാപ്ടോപ്പുകൾ നൽകാൻ സർക്കാർ നടപടി തുടങ്ങി. കർശന വ്യവസ്ഥകളോടെയാവും ലാപ്ടോപ് നൽകുക.
ആദ്യം ധനവകുപ്പിലെ അസിസ്റ്റന്റ് റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്കാകും ലാപ്ടോപ് ലഭിക്കുക. പിന്നാലെ മറ്റു സർക്കാർ ഓഫിസുകളിലേക്കും വ്യാപിപ്പിക്കും. 4000 ഡെസ്ക്‌ടോപ് കംപ്യൂട്ടറുകളാണ് സെക്രട്ടറിയേറ്റിലുള്ളത്. ഇവയുടെ കാലപ്പഴക്കം പ്രവർത്തനത്തെ ബാധിച്ചിരുന്നു.
വൈദ്യുതിലാഭവും കംപ്യൂട്ടർ അനുബന്ധച്ചെലവുകളും പ്രവർത്തനസൗകര്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ലാപ്ടോപ്പുകളിലേക്ക് മാറാനുള്ള സർക്കാർ തീരുമാനം. ഐടി മിഷനും കെൽട്രോണിനുമാണ് ഡെസ്ക്ടോപ് കംപ്യൂട്ടറുകൾ മാറ്റി ലാപ്ടോപ്പുകൾ നൽകുന്നതിനുള്ള ചുമതല. 2.81 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ലാപ്ടോപ് നഷ്ടപ്പെടുകയാണ് എങ്കിൽ തുക ജീവനക്കാരനിൽ നിന്ന് തന്നെ ഈടാക്കും. യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് സുരക്ഷിതമാക്കുന്ന ലാപ്ടോപ്പുകൾ മറ്റാർക്കും കൈമാറാൻ സാധിക്കില്ല.