കേരളം
പവര്‍ ഓഫ് അറ്റോര്‍ണി വച്ച് ഭൂമി വില്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി
കോഴിക്കോട് മാവൂർ റോഡിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്ത് താമരശേരി റോമൻ കത്തോലിക്കാ രൂപത വാങ്ങിയ ഭൂമി, സ്ഥലത്തിന്റെ യഥാർത്ഥ ഉടമയായ, ഉമാദേവി നമ്പ്യാർക്ക് മടക്കി നൽകാൻ സുപ്രീം കോടതി വിധി. ഉമാദേവി സഹോദരി റാണി സിദ്ധിന് നൽകിയ വിൽപന വ്യവസ്ഥയില്ലാത്ത പവർ ഓഫ് അറ്റോർണി പ്രകാരമായിരുന്ന ഭൂമിയുടെ കൈമാറ്റം എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവ്.
കെൽട്രോൺ സ്ഥാപക ചെയർമാനായ കെ പി നമ്പ്യാരുടെ ഭാര്യയായ ഉമാദേവി സഹോദരിക്ക് പവർ ഓഫ് അറ്റോണി നൽകിയ ഭൂമി അവരറിയാതെ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന വിധി. ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
കുടുംബ ഓഹരിയിൽനിന്ന് ലഭിച്ച സ്വത്തിന്റ ഇടപാടുകൾ നടത്തുന്നതിനായി 1971ൽ ഉമാ ദേവി ലണ്ടനിലേക്ക് പോകുന്നതിന് മുമ്പായാണ് സഹോദരി റാണി സിദ്ധനെ ചുമതലപ്പെടുത്തിയത്.
ഈ പവർ ഓഫ് അറ്റോർണി 1985ൽ റദ്ദാക്കിയെങ്കിലും അതിന് മുമ്പ് റാണി സിദ്ധൻ ചില ഭൂമികൾ പലർക്കായി വിറ്റു. ഭൂമി വാങ്ങിയവരിൽ ഒരാൾ മാവൂർ റോഡിലെ വസ്തു താമശേരി റോമൻ കത്തോലിക്കാ രൂപതയ്ക്ക് വിറ്റു. സ്ഥലത്ത് നിർമാണപ്രവർത്തനങ്ങളും നടത്തി. എന്നാൽ തന്റെ അറിവോടെയല്ല വിൽപന നടന്നതെന്ന് ഉമാദേവി വാദിച്ചു. വസ്തു പാട്ട കരാറിന് കൈമാറാനും, ഈട് വച്ച് കടം വായ്പ എടുക്കാനും മാത്രമേ പവർ ഓഫ് അറ്റോർണിയിൽ റാണി സിദ്ധന് അധികാരം നല്കുന്നുള്ളുവെന്നും വിൽപ്പനയ്ക്ക് ഉള്ള അധികാരം നൽകുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഭൂമി വിറ്റ റാണി സിദ്ധന്റെ നടപടി തെറ്റാണെന്ന് കോടതി വിധിച്ചു. ചിഹ്നങ്ങൾ, വിരാമം എന്നിവ പവർ ഓഫ് അറ്റോർണിയിൽ നിർണ്ണായകമാണ്. വിൽപനാധികാരം കൂടിയുണ്ടെങ്കിൽ അക്കാര്യം വ്യക്തമായിരിക്കണം. ആർക്കും ഉള്ളതിൽ കൂടുതൽ നൽകാനില്ലെന്ന തത്വം ചൂണ്ടിക്കാട്ടിയ കോടതി രൂപതയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.