കേരളം
സിസ തോമസിന്റെ നിയമനം താത്കാലികം; വിസിയെ നിയമിക്കേണ്ടത് സര്‍ക്കാര്‍: ഹൈക്കോടതി
![](https://citizenkerala.com/wp-content/uploads/2023/02/Untitled-design-45-1.jpg)
കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ ആയി സിസ തോമസിനെ, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചത് താത്കാലികമെന്ന് ഹൈക്കോടതി. വിസിയെ നിയമിക്കേണ്ടതു സര്‍ക്കാരാണെന്നും നിയമനവുമായി സര്‍ക്കാരിനു മുന്നോട്ടുപോവാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സിസ തോമസിന്റെ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. ഇതു ചട്ടപ്രകാരമുള്ള നടപടികള്‍ പാലിച്ചുള്ള നിയമനമല്ല. പ്രത്യേക സാഹചര്യത്തിലുള്ള നിയമനമായതിനാല്‍ അതില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. വിസിയെ നിയമക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന് നിയമന നടപടികളുമായി മുന്നോട്ടുപോവാം.
സിസ തോമസിന്റെ നിയമനം ശരിവച്ചതിനൊപ്പം സ്ഥിരം നിയമനത്തിനായി പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അസ്ഥിരപ്പെടുത്തി. ഗവര്‍ണര്‍ പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.