കേരളം
കെ.എസ്.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിൻ
മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റിൽ കെ.എസ്.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിൻ. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെതുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും അഗളി പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും എസ്.എഫ്.ഐ മുൻ പ്രവർത്തകയായ കെ. വിദ്യയെ നാളിതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംസ്ഥാനവ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് പ്രതിഷേധം നടത്തുവാൻ തീരുമാനിച്ചത്.
ജൂൺ 12 മുതൽ 15 വരെ എല്ലാ കാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ നോട്ടീസ് പതിപ്പിച്ചു പൊലീസിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിക്കുവാനാണ് തീരുമാനമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ച് ഇത്തരം പ്രവർത്തികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും തുടർ സമരങ്ങളുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
അതേസമയം വിദ്യയുടെ വീട്ടില്‍ പൊലീസ് പരിശോധന. വ്യാജ രേഖകള്‍ അന്വേഷിച്ചാണ് അഗളി പൊലീസ് സംഘം വീട്ടിലെത്തിയത്. പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തൃക്കരിപൂരിലെ വീട് തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി.
അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടില്‍ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെയാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വിദ്യ അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഹാജരാക്കിയ വ്യാജ രേഖകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘം എത്തിയത്.
ഇന്ന് രാവിലെ നീലേശ്വരം പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന അഗളി പൊലീസ് അന്വേഷണ സംഘം എത്തിയത്. അയല്‍വീട്ടില്‍ നിന്ന് വീടിന്റെ ചാവി വാങ്ങിയാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. കരിന്തളം ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ മൊഴി അഗളി പൊലീസ് രേഖപ്പെടുത്തും.