കേരളം
കെ.എസ്.ആർ.ടി.യിൽ അഞ്ചുവർഷത്തേക്ക് നിയമനനിരോധനം
കെ.എസ്.ആർ.ടി.യിൽ 7090 ജീവനക്കാർ അധികമുള്ളതിനാൽ അഞ്ചുവർഷത്തേക്ക് നിയമനനിരോധനം ഏർപ്പെടുത്തുന്നു. 28,114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാകും.
ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെക്കും. മെക്കാനിക്ക് (2483), ഡ്രൈവർ (2435) കണ്ടക്ടർ (1826) തസ്തികകളാണ് കുറയുന്നത്.
കിഫ്ബി വഴി ലഭിക്കുന്ന ബസുകൾ ഓടിക്കുന്നതിനായി രൂപവത്‌കരിക്കുന്ന സിഫ്റ്റിന്റെ ജനനവും കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാണ്. പുതിയ കമ്പനിയിലേക്ക് കെ.എസ്.ആർ.ടി.സിയിൽനിന്നും 350-ഉം കെ.യു.ആർ.ടി.സിയിൽനിന്നും 221 ബസുകളും മാറ്റും.
കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള 4791 ഷെഡ്യൂളുകൾ 4129 ആയി കുറയും. ഇതനുസരിച്ചാണ് കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുള്ളത്.
നിലവിലുള്ള മുഴുവൻ ജീവനക്കാരെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. നിർബന്ധിത വിരമിക്കലും പരിഗണിക്കുന്നുണ്ട്. അതിനായി 200 കോടി രൂപ സർക്കാരിൽനിന്ന് സഹായധനം തേടി.
വർക്ക്‌ഷോപ്പുകളിൽ അധികമുള്ള ജീവനക്കാരെ സിഫ്റ്റിന്റെ ബസുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി നിയോഗിക്കും. ഇതിന് സിഫ്റ്റിൽനിന്ന് വാടക ഈടാക്കും. ശാരീരിക അവശതകളുള്ള മെക്കാനിക്കൽ ജീവനക്കാരെ ഓഫീസ് ജോലികളിലേക്ക് മാറ്റും.